ഐസിസിന് വേണ്ടി കാനഡയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് മൊൺട്രിയോളിൽ അറസ്റ്റിലായ യുവാവ് അനധികൃതമായാണ് രാജ്യത്ത് തങ്ങിയിരുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. പ്ലേസ് വില്ലെ മേരിയിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ലൂയി ആംഗൂദ് (24) എന്നയാൾക്ക് കാനഡയിൽ നിയമപരമായ പദവികളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി.
രാസായുധം ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരവാദ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാപാരാവശ്യങ്ങൾക്കുള്ള സ്റ്റോറുകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കുന്ന ഡൗൺടൗൺ ഓഫീസ് ടവർ സമുച്ചയത്തിൽ നിന്നാണ് ഇയാളെ പിടികൂടിയതെങ്കിലും ഇയാൾ എന്തിനാണ് മൊൺട്രിയോളിൽ എത്തിയതെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ക്യൂബെക്ക് സിറ്റിയിലെ താമസക്കാരനാണ് ഇയാളെന്നാണ് കോടതി രേഖകളിലുള്ളത്.
കാനഡയിലെ പൗരന്മാർക്കെതിരെ പ്രയോഗിക്കുന്നതിനായി രാസായുധം നിർമ്മിക്കാൻ ഇയാൾ ഒരു ഭീകരസംഘടനയിലെ അംഗങ്ങളുമായി ഓൺലൈൻ വഴി ആശയവിനിമയം നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായി പോലീസും പ്രോസിക്യൂട്ടർമാരും ആരോപിക്കുന്നു. ഐസിസിന് വേണ്ടി കുറഞ്ഞത് ഒരു ആക്രമണമെങ്കിലും നടത്താൻ ഇയാൾ ലക്ഷ്യമിട്ടിരുന്നു.
എന്നാൽ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാളുടെ കൈവശം അത്തരം വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊതുജനങ്ങൾക്ക് ഉടനടി അപകടസാധ്യതയൊന്നുമില്ലെന്നും ആർ.സി.എം.പി അറിയിച്ചു. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി.